Friday, August 21, 2026

കാരിച്ചാലിൽ വിജയത്തുഴയെറിയാൻ ടിബിസി തെക്കേക്കര; ലക്ഷ്യം നെഹ്റു ട്രോഫി മാത്രം.


ഈ വർഷത്തെ 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് പുന്നമടക്കായലിന്റെ ഓളപ്പരപ്പിലേക്ക് തെക്കേക്കര ബോട്ട് ക്ലബ് (TBC) കാരിച്ചാൽ ചുണ്ടനുമായി എത്തുകയാണ്. ലക്ഷ്യം ഒന്നുമാത്രം നെഹ്റു ട്രോഫി സ്വന്തമാക്കുക.
അമല അഗ്രി മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ടിബിസി തെക്കേക്കരയുടെ സെക്രട്ടറി പ്രദീപും പ്രസിഡന്റ് ലിജോയും ഇത്തവണത്തെ മത്സരത്തെക്കുറിച്ചുള്ള പ്രതീക്ഷകളും തയ്യാറെടുപ്പുകളും പങ്കുവെച്ചു.
കുട്ടനാടിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോട്ട് ക്ലബ്ബാണ് ടിബിസി തെക്കേക്കര. 2003-ലാണ് ക്ലബ് ഔദ്യോഗികമായി ബോട്ട് ക്ലബ്ബിൽ അംഗത്വം നേടുന്നത്. കഴിഞ്ഞ വർഷം സിബിഎൽ എൻട്രി ലഭിച്ച ടീം, ഏറ്റവും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് സിബിൽ എൻട്രി നേടിയ ടീമെന്ന പ്രത്യേകതയും സ്വന്തമാക്കി. വെറും 10 ദിവസത്തെ തയ്യാറെടുപ്പിലാണ് സിബിഎൽ എൻട്രി നേടിയത്.


ചരിത്രത്തിന്റെ താളുകളിൽ നിരവധി നേട്ടങ്ങൾ കുറിച്ചിട്ടുള്ള ക്ലബ്ബാണ് ടിബിസി തെക്കേക്കര. 16 തവണ നെഹ്റു ട്രോഫി സ്വന്തമാക്കിയ ക്ലബ്, 32 തവണ റണ്ണറപ്പായും മാറിയിട്ടുണ്ട്. മലയാളികൾ എവിടെയുണ്ടോ, അവിടെയെല്ലാം ഈ വള്ളത്തിന്റെ ആവേശവും സാന്നിധ്യവുമുണ്ടെന്നത് ടിബിസി തെക്കേക്കരയുടെ ജനകീയതയുടെ തെളിവാണ്.
ഇത്തവണ കിരീടം ലക്ഷ്യമിട്ട് 22 ദിവസത്തെ കഠിന പരിശീലനമാണ് ടീമിന് ഒരുക്കിയിരിക്കുന്നത്. പുലർച്ചെ ആറുമണിക്ക് തന്നെ ക്യാമ്പ് ആരംഭിച്ച് അംഗങ്ങൾ ആത്മാർത്ഥതയോടെ പരിശീലനത്തിൽ ഏർപ്പെടുന്നു. കഠിനാധ്വാനവും കൂട്ടായ പരിശ്രമവും കൈമുതലാക്കി വലിയ പ്രതീക്ഷയോടെയാണ് ടീം പുന്നമടയിലേക്ക് എത്തുന്നത്.
81 തുഴച്ചിൽക്കാരും 15 അമരക്കാരും 9 നിലക്കാരും ഉൾപ്പെടുന്ന സംഘമാണ് ഇത്തവണ കപ്പ് സ്വപ്നവുമായി പുന്നമടക്കായലിൽ പോരിനിറങ്ങുന്നത്. ടീമിനെ നയിക്കുന്നത് ക്യാപ്റ്റൻമാരായ ലിനു പാലത്തറയും നേതാൽ ജോൺ പാലത്തറയും ആണ്.
മത്സരത്തിന്റെ ഓരോ ഘട്ടവും പിന്നിട്ട് ഫൈനലിലെത്തി, ഒടുവിൽ നെഹ്റു ട്രോഫി സ്വന്തമാക്കുക എന്ന സ്വപ്നത്തിലാണ് ടിബിസി തെക്കേക്കര. കഠിന പരിശീലനവും ആത്മവിശ്വാസവും ഒത്തുചേരുമ്പോൾ, പുന്നമടയുടെ ഓളങ്ങളിൽ ഇത്തവണ വിജയത്തുഴ ഉയർത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ടിബിസി തെക്കേക്കര.

No comments:

Post a Comment

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്സും

പുന്നമടക്കായലിൽ ആവേശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും പ...