എയർ ലെയറിങ്ങിൽ; പുതിയ സസ്യത്തെ ഉണങ്ങി പോകാതെ എങ്ങനെ മാതൃ വൃക്ഷത്തിൽ നിന്ന് വേർപെടുത്താം?
എയർ ലെയറിങ് (Air Layering) എന്നത് ചെടിയുടെ കൊമ്പ് മാതൃചെടിയിൽ നിന്ന് മുറിച്ചുമാറ്റാതെ തന്നെ അതിൽ വേരുകൾ ഉണ്ടാക്കി പുതിയ ചെടി ഉണ്ടാക്കുന്ന ഒരു പ്രജനന രീതിയാണ്.
എയർ ലെയറിങ്ങിലൂടെ വേരുകൾ നല്ല രീതിയിൽ വളരാറുണ്ട്. എന്നാൽ പലരും നേരിടുന്ന പ്രധാന പ്രശ്നം, ലെയർ ചെയ്ത ഭാഗം മുറിച്ച് നട്ടതിന് ശേഷം ചെടി ഉണങ്ങിപ്പോകുന്നതാണ്. വേർ ഉണങ്ങിപ്പോകാതെ ചെടി വിജയകരമായി നടാനുള്ള ചില കാര്യങ്ങൾ നോക്കാം.
എയർ ലെയറിങ്ങിലൂടെ രൂപപ്പെടുന്ന വേരുകൾ മാതൃസസ്യത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങളെയും ജലത്തെയും ആശ്രയിച്ചാണ് ജീവൻ നിലനിർത്തുന്നത്. അതിനാൽ മാതൃചെടിയിൽ നിന്ന് പെട്ടെന്ന് വേർപെടുത്തിയാൽ ചെടി ഉണങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഒരേസമയം ആഴത്തിൽ മുറിവുണ്ടാക്കിയാൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കും.
ഇത് ഒഴിവാക്കാൻ ആദ്യം ചെറിയൊരു മുറിവ് മാത്രം ഉണ്ടാക്കുക. തുടർന്ന് രണ്ട് ദിവസം കാത്തിരുന്ന് ആ മുറിവ് ഉണങ്ങാൻ അനുവദിക്കുക. ശേഷം വീണ്ടും കുറച്ചുകൂടി ആഴത്തിൽ മുറിക്കുക. ഇങ്ങനെ ഘട്ടംഘട്ടമായി മുറിച്ചുകൊണ്ട് കുറഞ്ഞത് ഒരാഴ്ച മുതൽ പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ മാതൃചെടിയിൽ നിന്ന് പൂർണമായും വേർപെടുത്താം. ഈ രീതി സ്വീകരിച്ചാൽ ചെടി ഉണങ്ങിപ്പോകാനുള്ള സാധ്യത ഗണ്യമായി കുറയും.
ചെടി നടുമ്പോൾ ആദ്യം തണലുള്ള സ്ഥലത്ത് നട്ടുവളർത്തുക. മിതമായ അളവിൽ മാത്രം വെള്ളം നൽകുക. കൂടാതെ, നടീൽ മിശ്രിതത്തിൽ അല്പം വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ സ്യൂഡോമോണാസ് (Pseudomonas) ചേർക്കുകയാണെങ്കിൽ കുമിൾ രോഗങ്ങളിൽ നിന്ന് ചെടിയെ സംരക്ഷിക്കാൻ സഹായിക്കും.
എയർ ലെയറിങ്ങിലൂടെ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ
- മാതൃചെടിയുടെ അതേ ഗുണങ്ങളുള്ള പുതിയ ചെടി ലഭിക്കും.
- വിത്തിൽ നിന്ന് വളർത്തുന്നതിനേക്കാൾ വേഗത്തിൽ വളരും.
- ഫലം തരുന്ന ചെടികൾ താരതമ്യേന വേഗത്തിൽ ലഭിക്കും.