നെഹ്റു ട്രോഫി പത്തനംതിട്ടയ്ക്ക് സ്വന്തമാക്കാൻ ഒരുങ്ങി നിരണം ബോട്ട് ക്ലബ്.
ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി ശക്തമായ തയ്യാറെടുപ്പിലാണ് നിരണം ബോട്ട് ക്ലബ്.
അമല അഗ്രി മീഡിയയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ, നിരണം ബോട്ട് ക്ലബ് വൈസ് പ്രസിഡന്റ് ശ്രീ. രാജൻ ഈ വർഷത്തെ ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും വിജയപ്രതീക്ഷകളെക്കുറിച്ചും സംസാരിച്ചു
വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന ഉറച്ച ലക്ഷ്യബോധത്തോടെയാണ് ടീം അംഗങ്ങൾ മുന്നോട്ടുപോകുന്നത്. ക്യാമ്പിൽ കഠിനമായ പരിശീലനവും ആത്മാർത്ഥമായ പരിശ്രമവുമാണ് നടക്കുന്നത്.
ഇത്തവണ നിരണം ചുണ്ടനെ നയിക്കുന്നത് ബൈജു കുട്ടനാട് ആണ്. 2021 മുതൽ ലീഡിങ് ക്യാപ്റ്റനായി വിവിധ വള്ളങ്ങളിലും വിവിധ ക്ലബ്ബുകളിലും പ്രവർത്തിച്ചിട്ടുള്ള ബൈജു, നെഹ്റു ട്രോഫി ഉൾപ്പെടെ നിരവധി ജലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഏകദേശം 70ഓളം ട്രോഫികളും കരസ്ഥമാക്കിയിട്ടുണ്ട്.2017ൽ ഗബ്രിയേൽ ചുണ്ടനിൽ ലീഡിങ് ക്യാപ്റ്റനായി പ്രവർത്തിച്ചുകൊണ്ട് നെഹ്റു ട്രോഫി സ്വന്തമാക്കിയ അനുഭവവും ബൈജുവിനുണ്ട്. അന്ന് ട്രോഫി എറണാകുളം ജില്ലയിലേക്കാണ് എത്തിയത്.ഇത്തവണ പത്തനംതിട്ട കാരുടെ സ്വന്തം നിരണം ചുണ്ടൻ നെഹ്റുട്രോഫി എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പുന്നമടക്കായലിൽ ഇറങ്ങുന്നത്.പത്തനംതിട്ടയ്ക്ക് ഇതുവരെ ലഭിക്കാത്ത നെഹ്റു ട്രോഫി സ്വന്തമാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്താണ് ടീം മുന്നേറുന്നത്. പുന്നമടക്കായലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ചരിത്രനേട്ടം സ്വന്തമാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം.ടീമിനെ പരിശീലിപ്പിക്കുന്നത് ബിനു എം.ടി. ആണ്. ആലപ്പുഴ പുന്നമട സ്വദേശിയായ അദ്ദേഹം ഈ വർഷമാണ് നിരണം ബോട്ട് ക്ലബ്ബിന്റെ ഭാഗമാകുന്നത്. 2012 മുതൽ വള്ളംകളി രംഗത്ത് സജീവമായ ബിനു, സായി വിദ്യാർത്ഥിയായിരുന്ന കാലത്ത് കേരളത്തിനായി റോയിങ്ങിൽ ആദ്യ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരുന്നു.
ഏകദേശം 30 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 17 വർഷത്തോളം ഇന്ത്യൻ ടീമിന്റെ റോയിങ് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. 2012ൽ പ്രൊഫഷണൽ തലത്തിൽ ഫ്രീഡം ബോട്ട് ക്ലബ്ബിലൂടെയാണ് വള്ളംകളി രംഗത്തേക്ക് എത്തിയത്. തുടർന്ന് വിവിധ ക്ലബ്ബുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും സജീവമായി തിരിച്ചെത്തുന്നത്.
വളരെയേറെ ആത്മവിശ്വാസവും കഠിനാധ്വാനവും ഒത്തുചേർന്ന ടീമാണ് ഇത്തവണ നിരണം ബോട്ട് ക്ലബ്ബിന്റേത്. മികച്ച പരിശീലനവും കൂട്ടായ പരിശ്രമവും കൈമുതലാക്കി നെഹ്റു ട്രോഫി പത്തനംതിട്ടയ്ക്ക് സ്വന്തമാക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടീം.
No comments:
Post a Comment